കാത്തിരിപ്പ് സുഖകരമായ ഒരനുഭവമാണ്, അനുനിമിഷം നിങ്ങള്‍ മെഴുതിരിപോലെ സ്വയം എരിഞ്ഞൊടുങ്ങുന്നില്ലെങ്കില്‍... മൂന്നോ നാലോ വയസ്സുകാണും അന്ന്. ജോലി കഴിഞ്ഞ് വരുന്ന ഉമ്മയെ കാത്ത് റോഡിലേയ്ക്ക് നോക്കി കണ്ണും കഴുത്തും വേദനിച്ച നാളുകള്‍... 'നെല്ലിശ്ശേരി' എന്നു പേരുള്ള മഞ്ഞച്ചായമടിച്ച ബസ് ദൂരെ കാണുമ്പോള്‍ വലിയ ആശ്വാസമാണ്. അങ്ങകലെനിന്നുതന്നെ ഉമ്മയെ തിരിച്ചറിയാം. നീലനിറമുള്ള രണ്ട് സാരികളേ അന്ന് ഉമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ. നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു അന്ന് ഉമ്മയ്ക്ക്. ചില ദിവസങ്ങളില്‍ ആ ബസ്സില്‍ ഉമ്മ ഉണ്ടാവാറില്ല... അടുത്ത ബസ്സ് രാത്രിയായാലാണ് വരിക. രാത്രിയെന്നത് ഒരു സമയമല്ല, ഇരുട്ട് മാത്രമാണന്ന് രാത്രി. നെല്ലിശ്ശേരിയില്‍ വരാത്ത ഉമ്മയെ ചീത്തപറഞ്ഞുകൊണ്ട് മറ്റമ്മ പരിഭ്രമം ഒതുക്കിവെയ്ക്കും... അടുത്ത ബസ്സിനും ഉമ്മ വന്നില്ലെങ്കില്‍ ആദ്യം കരയുന്നത് മറ്റമ്മയായിരിക്കും.. കൂടെ ഞങ്ങള്‍ കുട്ടികള്‍ മൂന്നുപേരും. ഫോണോ ബൈക്കോ ഇല്ലാത്ത കാലമാണ്. പോയി അന്വേഷിക്കാന്‍ ആരുമില്ല. മറ്റൊരു കാത്തിരിപ്പിന്‍റെ ഓര്‍മ അഞ്ചോ ആറോ വയസ്സുള്ളപ്പോഴത്തെയാണ്. സ്ക്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ ഒച്ചയും അനക്കവു...